Saturday, 26 November 2016

  

"മനസ്സിന്റെ വിങ്ങലെല്ലാം ആകാശം‌ കവിതയാക്കി....."

Sunday, 20 November 2016

പുഴ


ഞാനൊരു പുഴയാകുന്നു.
ഇടക്ക് വരണ്ട് ശോഷിച്ചും ഇടക്ക് നിറഞ്ഞ് കവിഞ്ഞും
ഒഴുകുന്ന പുഴ !
കത്തുന്ന വേനലിലും കണ്ണീരുപ്പു കൊണ്ട്
സ്വയമൊരു കടലു തീര്‍ക്കും.
ആര്‍ത്തലക്കുന്ന വര്‍ഷത്തിലും അടിയൊഴുക്കുകളെ 
സമര്‍ത്ഥമായി ഒളിപ്പിച്ചുകൊണ്ട്
സൗമ്യ ഭാവം നടിക്കും.
ഞാനൊരു പുഴയാകുന്നു.
മരുഭൂമികളും മലയോരങ്ങളും കടന്നൊരു നാള്‍ 
കടലുകളെ കവച്ചൊഴുകുന്നത് 
സ്വപ്‌നം കാണുന്നൊരു പുഴ! 

കാലം

കരയുടെ നിമ്‌നോന്നതകള്‍ക്കനുസരിച്ച് മാത്രമേ പുഴക്ക് ഒഴുകാന്‍ കഴിയൂ...

Friday, 14 November 2014


കൂടുകള്‍ 

അഴികളില്‍ ചാലിട്ടൊഴുകിയ കണ്ണീരില്‍ 
സ്വാതന്ത്ര്യത്തിന്റെ ആകാശം പുഞ്ചിരിച്ചു.
നിസ്സഹായതയുടെ നേര്‍ത്ത വിതുമ്പലുകള്‍ 
പഴകിയ തുരുമ്പില്‍ തട്ടി വിറച്ചുനിന്നു.
മാനം തൊട്ടുനിന്ന മാമരങ്ങളിലൊക്കെയും
ഞാന്‍ സ്നേഹത്തിന്റെ കൂടുകള്‍ തിരയുകയായിരുന്നു.
സാന്ത്വനത്തിന്റെ കാറ്റ്, വാത്സല്യത്തിന്റെ അപ്പൂപ്പന്‍ താടി,
 സൗഹൃദത്തിന്റെ മഞ്ചാടികള്‍.
ഞാന്‍ തിരഞ്ഞുകൊണ്ടേയിരുന്നു....
പുറത്ത് ഉച്ചവെയിലില്‍ കല്ലെടുത്ത കുഞ്ഞുതുമ്പികള്‍ 
വേച്ചു വേച്ചു പറന്നു.
ഒരു 'അമ്മ മഴക്കാറു' പോലും വന്നെത്തിനോക്കിയില്ല.
തൊണ്ടയില്‍ കുരുങ്ങിയ നിലവിളിക്കു മുകളില്‍ 
ചാനല്‍ മഴ ചാറിക്കൊണ്ടിരുന്നു.
കലങ്ങിയ കുഞ്ഞുനോട്ടത്തില്‍ ക്യാമറകള്‍ കണ്ണിറുക്കി
വാടിവീണ ഉടലിന് മുകളില്‍ 
ലോഹച്ചുവരുകള്‍ തലയുയര്‍ത്തി നിന്നു.
അപ്പോഴേക്കും അധികാരത്തിന്റെ ചങ്ങലകള്‍ക്ക് നേരെ 
'നാട്ടുപട്ടികള്‍' നിര്‍ത്താതെ കുരച്ചുകൊണ്ടിരുന്നു.
അനുകരണത്തിന്റെ അഴികള്‍ തകര്‍ക്കാന്‍ 
പലരും ആയുധങ്ങള്‍ ഉരച്ചുകൊണ്ടിരുന്നു.
അറിവിന്റെ, അക്ഷരത്തിന്റെ, 'അച്ചടക്ക'ത്തിന്റെ
ചില്ലകളൊക്കെയും അനുകമ്പയുടെ തണല്‍ വീശാതെ നിന്നു.
കനിവരുളാത്ത കൂടുകള്‍ വിട്ട് 
ഒടുവില്‍ ഞാന്‍ ആകാശം നോക്കിപ്പറന്നു.
താഴെ ഇനിയും കൂടണയാത്ത കുഞ്ഞു പറവകള്‍
എന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.
അവര്‍ക്കു ചുറ്റും അവരറിയാത്ത ഇരുമ്പുകൂടുകളും 
ഞാന്‍ കണ്ടു.

മഴ


മഴ നനഞ്ഞ മരങ്ങള്‍ക്കിടയിലൂടെ 
മൗനിയായ് ഞാന്‍ നടക്കുന്നു.
ദൂരെ മാരിക്കാര്‍ മുകിലിന്‍ മറവില്‍
മിണ്ടാതെ മൂവന്തിയൊളിക്കുന്നു
മേലെ മാനത്തിന്‍ മന്ദഹാസം
താഴെ മണ്ണിന്‍ മനം കുളിര്‍ക്കുന്നു.
എന്റെ മനസ്സിന്റെ കോണിലെങ്ങോ
മഴ കണ്ടൊരു മയിലാടിത്തിമിര്‍ക്കുന്നു.
വാടും കരള്‍പ്പൂവിതളില്‍ മെല്ലെ
മഴ മധുകണം ചൊരിയുന്നു.

Saturday, 17 November 2012

വെളിച്ചം
എന്നിലെ ഇരുട്ടുകള്‍ ഞാന്‍ കണ്ടത് 
നിന്റെ ചിരിയുടെ വെളിച്ചത്തിലായിരുന്നു
ആ ചിരിക്ക് ഒരുപാട് തെളിച്ചമുണ്ടായിരുന്നിട്ടും
ഒരു മെഴുകുതിരി വെളിച്ചത്തില്‍ ഞാനെന്നെ തിരഞ്ഞു.
പിന്നെയാണറിഞ്ഞത്,
ഇപ്പോള്‍ ഇരുട്ട് വെളിച്ചത്തിന് വഴിമാറിക്കൊടുക്കാറില്ലത്രേ...

Thursday, 17 November 2011

സ്വാഗതം

എന്റെ എല്ലാ സുഹൃത്തുക്കളേയും.....എന്റെ ബ്ളോഗിലേക്ക് ......   സ്നേഹപൂര്‍വം.....
റുബ്‌ന